രാമശേരി: നൂറ്റന്പത് വർഷത്തെ പാരന്പര്യമുള്ള രാമശേരി ഇഡലിക്ക് ഭൗമസൂചികപദവി ലഭ്യമാക്കി ഈ പൈതൃക ഉത്പന്നത്തെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും അന്തസോടെ നിലനിർത്താൻ തയ്യാറാവണമെന്ന് രാമശേരി ഇഡലി സംരംഭകരുടെ പദ്ധതി ആസൂത്രണ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
രാമശേരി ഇഡലിയുടെ സ്വാദറിയാൻ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഭക്ഷണപ്രിയരും രാമശേരിയിൽ എത്തിയിട്ടുണ്ട്.
ഇത്രയും പ്രാധാന്യമേറിയ രാമശേരി ഇഡലി തയ്യാറാക്കി ഉപജീവനം നടത്തുന്ന 9 കുടുംബങ്ങൾ ആശങ്കയിലാണ്.
150 വർഷങ്ങൾ പിന്നിടുന്ന സംരംഭമായിട്ട് കൂടി സർക്കാരിന്റെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നല്ല നിലയിൽ വികസിപ്പിക്കാനോ വിപണി കണ്ടെത്താനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. പ്രാദേശിക സാന്പത്തിക വികസനത്തിലും വനിതാ ശാക്തീകരണത്തിലും ഉൗന്നിയുള്ള പദ്ധതികൾ നടപ്പിലാക്കുന്ന കുടുംബശ്രീ മിഷനും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും ഇതുവരെ സഹായിച്ചില്ലെന്ന് സംരംഭകർ പറഞ്ഞു.
രാമശേരി ഇഡലിയുടെ തനിമയും സാംസ്കാരിക പാരന്പര്യവും നിലനിർത്തി ഗുണമേന്മയോടെ ഉത്പാദനശേഷി കൂട്ടുക, ആധുനിക വിപണന സംവിധാനം ഒരുക്കി മാന്യമായ വരുമാനം സംരംഭകർക്ക് ഉറപ്പാക്കുക, വിദഗ്ധ പരിശീലനവും സാന്പത്തിക പിന്തുണയും നൽകി മികച്ച സംരംഭകരാക്കി ഉയർത്തുക തുടങ്ങി ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്.
രാമശേരി ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച സംരംഭകരുടെ പദ്ധതി ആസൂത്രണ യോഗത്തിൽ ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ അധ്യക്ഷനായി.
സഹജീവനം ഫൗണ്ടേഷൻ ഡയറക്ടർ ഗിരീഷ് കടുന്തുരുത്തി, സർവോദയ കേന്ദ്രം ജോ. ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗം ആർ. രാമദാസ്, കുടുംബശ്രീ മിഷൻ മെന്റർ പി. അശ്വതി, സി. മുരുകേശൻ, കെ.ടി. രാജേശ്വരി, വിജയകുമാരി മുത്തുകുമാർ, എൽ. സ്മിത, വി. ജാനകി, കെ. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ ചർച്ചയിൽ പ്രസംഗിച്ചു.